Thursday, February 12, 2015

അംബ


ഓം
കാശിരാജാവിന്റെ മക്കളാണ് അമ്പയും അംബികയും അംബാലികയും. അവര്‍ പ്രായപൂര്‍ത്തി എത്തുമ്പോള്‍ കാശിരാജാവ് അവര്‍ക്ക് സ്വയംവരം ഏര്‍പ്പെടുത്തുന്നു. സ്വയം വരം എന്നാല്‍ തങ്ങള്‍ക്ക് മനസ്സിന് ഇണങ്ങുന്നവരെ സ്വയം തിരഞ്ഞെടുത്ത് മാലചാര്‍ത്താം എന്നതായിരുന്നു നിയമം. എന്നാല്‍ അതില്‍ മൂത്ത രാജകുമാരിയായ അംബ മനസ്സാ  സാല്‍‌വനെ വരിച്ചുകഴിഞ്ഞിരുന്നു. അതിനാല്‍ അംബ സാല്‍വകുമാരനെ വരിക്കാന്‍ തയ്യാറായി ആണ് സ്വയംവര മണ്ഡപത്തില്‍ സന്നിഹിതയായത്.

അപ്പോള്‍ ഹസ്തിനപുരം രാജ്യം ചിത്രാംഗദന്റെ മരണശേഷം ജ്യേഷ്ഠന്‍ ഭീഷ്മരുടെ പിന്തുണയോടെ വിചിത്രവീര്യന്‍ ഭരിക്കുന്ന സമയം. . അംബ അംബിക അംബാലിക എന്നിവരുടെ സ്വയംവരത്തിന് ഹസ്തിനപുരത്തിനെ ക്ഷണിച്ചില്ല എന്ന അപമാനത്താല്‍ ഏര്‍പ്പെട്ട വൈരാഗ്യം നിമിത്തം ഭീക്ഷ്മര്‍ സ്വയംവര പന്തലില്‍ ചെന്ന് അംബയെയും അംബികയെയും അംബാലികയെയും മറ്റു രാജാക്കന്മാര്‍ നോക്കി നില്‍ക്കെ ബലാല്‍ക്കാരമായി പിടിച്ച് തേരിലേറ്റി വിചിത്രവീര്യന്റെ ഭാര്യമാരാക്കാനായി കൊണ്ടു പോകുന്നു. മറ്റു രാജാക്കന്മാര്‍ ഭീഷ്മരോടെതിര്‍ക്കാന്‍ ഭയന്ന് നോക്കി നില്‍ക്കുമ്പോള്‍ അംബയുടെ കാമുകന്‍ സ്വാലമഹാരാജാവ് എതിര്‍ക്കാന്‍ നോക്കിയെങ്കിലും ഞൊടിയിടയില്‍ എല്ലാവരുടെയും മുന്നില്‍ വച്ച് പരിഹാസ്യമാം വിധം തോല്‍പ്പിക്കപ്പെട്ടു..

കൊട്ടാരത്തില്‍ എത്തിയ അംബികയ്ക്കും അംബാലികയും വിചിത്രവീര്യനെ വേള്‍ക്കുന്നതില്‍ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. (പിന്നീട് അംബിക ധൃതരാഷ്ട്രരുടെ അമ്മയും, അംബാലിക പാണ്ഡുവിന്റെ അമ്മയും ആവുന്നു) എന്നാല്‍ സ്വാലനില്‍ അനുരക്തയായിരുന്ന അംബ മാത്രം കണ്ണീരോടെ ഭീഷ്മരോട് താന്‍ സാല്‌വ രാജാവിനെ സ്നേഹിക്കുന്നു എന്നറിയിക്കുമ്പോള്‍ ഭീഷ്മര്‍ ഉടന്‍ തന്നെ അംബയെ സാല്‍‌വന്റെ അടുത്തേയയക്കുന്നു.. പക്ഷെ, എല്ലാവരുടെയും മുന്നില്‍ വച്ച് പരിഹാസ്യമായതിന്റെ ക്ഷീണമോ, സാല്വന്‍ ഭീഷ്മര്‍ കയ്യില്‍ പിടിച്ചു കൊണ്ടുപോയതുകൊണ്ട് ഇനി എനിക്ക് നിന്നെ വേള്‍ക്കാന്‍ ആവില്ല എന്നു പറഞ്ഞ് ഒഴിയുന്നു. ഇത് അംബയെ വല്ലാതെ തളര്‍ത്തുന്നു.

അംബയ്ക്ക് കോപം മുഴുവന്‍ ഭീഷ്മരോടായിരുന്നു. അവള്‍ തിരിച്ചെത്തി, തന്റെ ജീവിതം തകര്‍ത്തതിനു പരിഹാരമായി ഭീക്ഷമര്‍ തന്നെ വിവാഹം കഴിക്കണം എന്നു ശാഠ്യം പിടിക്കുന്നു. നിത്യബ്രഹ്മചാരിയായ തനിക്ക് ഒരിക്കലും വിവാഹം കഴിക്കാന്‍ നിര്‍വ്വാഹമില്ലെന്നും എങ്ങിനെയെങ്കിലും സ്വാലനെക്കൊണ്ട് സമ്മതിപ്പിക്കാനും പറയുന്നു..

ആകെ നിരാശയും അപമാനിതയുമായ അംബ ഭീഷ്മരെ എങ്ങിനെയും തോല്‍പ്പിക്കണനെന്നുറച്ച് പ്രതികാരവുമായി അലഞ്ഞു നടന്നു. ഒരിക്കല്‍ സുബ്രഹ്മണ്യന്‍‍ അംബയ്ക്ക് ഒരു മാല നല്കി.. അത് ധരിക്കുന്ന ക്ഷത്രിയന് ഭീഷ്മരെ വധിക്കാനാകുമെന്ന് പറഞ്ഞ് മറയുന്നു..പക്ഷെ ഒരു ക്ഷത്രിയ രാജകുമാരനും ആ മാല സ്വീകരിക്കാന്‍ ധൈര്യപ്പെട്ടില്ല. ഒടുവില്‍ അംബ പതിനാറു വര്‍ഷം പരശുരാമനെ സേവിച്ച് ഒടുവില്‍ പരശുരാമന്‍ അംബയില്‍ സം പ്രീതനായി ഭീഷ്മരെ വധിക്കാന്‍ തയ്യാറാകുന്നു. പരശുരാമനും ഭീഷ്മരുമായി ഘോരയുദ്ധം നടക്കുമെങ്കിലും ഭീക്ഷ്മരെ തോല്‍പ്പിക്കാനാവുന്നില്ല. ഇതുകണ്ടു മനസ്സു തകര്‍ന്ന അംബയ്ക്ക് പരമശിവന്‍ പ്രത്യക്ഷപ്പെട്ട് ‘ അടുത്തജനം ശിഖണ്ഡിയായി ജനിച്ച് നിനക്ക ഭീഷ്മരെ വധിക്കാന്‍ കാരണമാകാനാകും’ എന്നു പറഞ്ഞ് മറയുന്നു. അംബ തനിക്കു സുബ്രഹ്മണ്യനില്‍ നിന്നു കിട്ടിയ മാല ദ്രുപദരാജാവിന്റെ കൊട്ടരത്തിനടുത്ത് ഒരു മരത്തില്‍ ഇട്ടശേഷം പോയി യോഗാഗ്നിയില്‍ പുനര്‍ജനിക്കാനായി ചാടി ദേഹത്യാഗം ചെയ്യുന്നു.

അംബ ദ്രുപദരാജാവിന്റെ പുത്രി ശിഖണ്ഡിനിയായി ജനിക്കുന്നു.. പൂര്‍വ്വജന്മം ഓര്‍മ്മയുള്ള ശിഖണ്ഡിനി മരത്തില്‍ തൂങ്ങിക്കിടക്കുന്ന മാല എടുത്തു ധരിക്കുന്നു. ഇതുകണ്ട് ഭയന്ന ദ്രുപദരാജാവ് ശിഖണ്ഡിനിയെ കൊട്ടാരത്തില്‍ നിന്ന് ബഹിഷ്കരിക്കുന്നു.. ശിഖണ്ഡി ഗംഗാദ്വാരത്തില്‍ ചെല്ലുമ്പോള്‍ അവിടെ ആലിംഗബദ്ധരായി കിടന്ന രണ്ട് ഗന്ധര്‍വ്വന്മാരില്‍ ഒരാള്‍‍ ലിംഗമിനിമയത്തിന് ആവശ്യപ്പെട്ടു.. അങ്ങിനെ ശിഖണ്ഡിനി ശിഖണ്ഡിയായി.

ശിഖണ്ഡിയ്ക്ക് മഹാഭാരത യുദ്ധാവസാനം വരെ കാത്തിരിക്കേണ്ടി വന്നു ഭീഷ്മരെ വീഴ്ത്താന്‍! മഹാഭാരത യുദ്ധത്തില്‍ അവസാനമാകുമ്പോള്‍ ഭീഷമരെ പരാജയപ്പെടുത്തുന്നതെങ്ങിനെ എന്നു അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിക്കുമ്പോള്‍ ശ്രീകൃഷ്ണന്‍ പറയുന്നു, ശിഖണ്ഡിയുടെ ബാണത്തിനേ ഭീഷ്മരെ പരാജയപ്പെടുത്താനാകൂ എന്ന്. അപ്രകാരം ശിഖണ്ഡിയെ മുന്‍‌നിര്‍ത്തി, അര്‍ജ്ജുനന്‍ പുറകില്‍ നിന്ന് ശാരം‍ എയ്യുന്നു.. ശിഖണ്ഡിയെ കണ്ട ഭീഷ്മര്‍ വില്ലു താഴെവയ്ക്കുന്നു. ആണും പെണ്ണുമല്ലാത്ത ശിഖണ്ഡിയോട് യുദ്ധം ചെയ്യുന്നത് അപമാനമാകയാല്‍. ആ സമയം അര്‍ജുനന്‍ ശര്‍വര്‍ഷത്താല്‍ ഭീഷ്മരെ അമ്പെയ്ത് വീഴ്ത്തുന്നു.

യുദ്ധത്തില്‍ പരാജയപ്പെട്ടു വീണു എങ്കിലും ജീവന്‍ ശരീരത്തെ വിടണമെങ്കില്‍ ഭീക്ഷമര്‍ സ്വയം വിചാരിച്ചാലേ പറ്റൂ.. അതുകൊണ്ട് ഭീഷ്മര്‍ ശരീരം നിറയെ അമ്പുകളോടെ മഹാഭാരതയുദ്ധാവസാനം വരെ ശരശയ്യയില്‍ കിടക്കുന്നു..

ശിഖണ്ഡി ഒടുവില്‍ ദുര്യോദനവധത്താല്‍ മനം നൊന്ത അശ്വദ്ധാമാവ് അര്‍ദ്ധരാത്രി പാണ്ഡവകൂടാരം തീയിട്ട് നശിപ്പിക്കുമ്പോള്‍ പാഞ്ചാലിയുടെ മക്കളും പിതാവും ഒപ്പം ശിഖണ്ഡിയും മരിക്കുന്നു.

സത്യവതി


പരാശരമഹർഷിക്ക് മുക്കുവസ്ത്രീയായ സത്യവതിയിൽ ‍ ഉണ്ടായ വേദവ്യാസന്‍ ആയിരുന്നല്ലൊ ധൃതരാരാഷ്ട്രരുടെയും പാണ്ഡുവിന്റെയും പിതാവ്..വേദങ്ങളെ പകുത്തതും, പുരാണങ്ങള്‍ രചിച്ചതും ഒക്കെ.  ഈ കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ഓര്‍ക്കുമായിരുന്നു.. ഭാരതത്തില്‍ ചാതുര്‍വര്‍ണ്ണ്യത്തെപ്പറ്റിയൊക്കെ കൊട്ടിഘോഷിക്കുമെങ്കിലും ഭാരതത്തിന്റെ പൂര്‍വ്വമാതാവ് ഒരു മുക്കുവസ്ത്രീയായിരുന്നുവല്ലൊ എന്ന് ! എന്നാല്‍ സത്യവതി ശരിക്കും ഒരു മുക്കുവയുവതി ആയിരുന്നില്ല. സത്യവതി ശരിക്കും മുക്കുവയുവതി ആയിരുന്നോ?!

സത്യവതിയുടെ ജനനം ഇങ്ങിനെ...

ചേദി രാജ്യത്ത് വസു എന്നൊരു രാജാവുണ്ടായിരുന്നു. അദ്ദേഹം ഇന്ദ്രനെ സേവിച്ച് ഒരുപാട് വരങ്ങള്‍ നേടി സര്‍വ്വ ശസ്ത്ര പരിജ്ഞാനവും ആകാശത്തിലൂടെ സഞ്ചരിക്കാനായി ഒരു വിമാനവും കരസ്ഥമാക്കി. ആകാശചാരിയായതുകൊണ്ട് അദ്ദേഹത്തിനെ പേര്‍ ഉപരിചരന്‍- വസു എന്നായി..

ഒരിക്കല്‍ ചേദിരാജ്യത്തിന്റെ ഓരത്തിലൂടെ ഒഴുകിയിരുന്ന ‘ശക്തിമതി’ എന്ന നദിയില്‍ ‘കോലാഹലന്‍’ എന്ന പര്‍വ്വത ശ്രേഷ്ഠന് അനുരാഗം തോന്നി. പര്‍വ്വതം നദിയെ ആശ്ലേഷിച്ചു! നദിയുടെ ഒഴുക്ക് നിലച്ചു. ജലനിരപ്പുയര്‍ന്ന് പ്രളയമായി. ഇതുകണ്ട് കോപത്താല്‍ ഉപരിചരവസു പര്‍വ്വതത്തെ ചവിട്ടി രണ്ടായി പിളര്‍ക്കുന്നു. ആ വിടവിലൂടെ നദി ഒഴുകാന്‍ തുടങ്ങുന്നു.. നദിക്ക് പര്‍വ്വതത്തില്‍ നിന്നും രണ്ട് മക്കളുണ്ടായി. ഒരാണും ഒരു പെണ്ണും . അവരെ നദി രാജാവിനു നല്‍കി. രാജാവ് പുരുഷനെ സേനാനായകനായും പെണ്‍കുട്ടി, ഗിരിക യെ ഭാര്യയായും സ്വീകരിച്ചു.

ഒരിക്കല്‍ രാജാവ് നായാട്ടിനു പോകുമ്പോള്‍ കാനനത്തില്‍ വസന്ത സൌകുമാര്യം അദ്ദേഹം ഗിരികയെക്കുറിച്ച് കാമാതുരനായി . അപ്പോള്‍ ഉണ്ടായ ഇന്ദ്രിയസ്ഖലനം ഒരു ഇലയില്‍ പൊതിഞ്ഞ് പരുന്തുവശം ഭാര്യയ്ക്ക് കൊടുത്തയച്ചു.. യാത്രാമദ്ധ്യേ ഇലയില്‍ എന്തോ ഭക്ഷണസാധനമാണെന്നു കരുതി മറ്റൊരു പരുന്ത് വന്ന് തടുത്തു. അതിനിടയില്‍ ശുക് ളം താഴെ കാളിന്ദി നദിയില്‍ വീഴുകയും അത് അദ്രിക എന്ന മീന്‍ എടുത്തു ഭക്ഷിക്കുകയും ചെയ്യുന്നു. അദ്രികയെ ഒരു മുക്കുവന്‍ പിടിച്ച് വയറു കീറിനോക്കുമ്പോള്‍ രണ്ട് മനുഷ്യക്കുട്ടികളെ കാണുന്നു! അദ്ദേഹം അത് രാജാവിന് സമര്‍പ്പിക്കുന്നു. രാജാവ് പെണ്‍കുട്ടിയെ മുക്കുവന് തിരിച്ചു നല്‍കുന്നു. അയാള്‍ അവള്‍ക്ക് കാളി എന്നു പേര്‍ നല്‍കുന്നു
ആണ്‍കുട്ടി മുക്കുവരാജാവും ആകുന്നു. കാളിയാണ് സാക്ഷാല്‍ സത്യവതി .

ചുരുക്കത്തില്‍.. സത്യവതി അദ്രിക എന്ന മീനിന്റെയും ഉപരിചര വസു എന്ന ചേദിരാജാവിന്റെയും മകളാണെന്നു സാരം..

ഗംഗ ഉപേക്ഷിച്ചുപോയതില്‍ പിന്നെ, ശന്തനു മകനോടൊപ്പം രാജ്യഭാരങ്ങളിലും നായാട്ടുവിനോദങ്ങളിലും ഒക്കെ മുഴുകി കഴിയവേ, ഒരിക്കല്‍ അദ്ദേഹം കാനനത്തിലൂടെ തനിയേ സഞ്ചരിക്കുമ്പോള്‍ കടത്തുതോണി തുഴയുന്ന അതീവ ലാവണ്യവതിയായ ഒരു മുക്കുവകന്യയെ (സത്യവതി) കണ്ടുമുട്ടുന്നു. അവളില്‍ നിന്നും പ്രവഹിച്ച കസ്തൂരി ഗന്ധം അദ്ദേഹത്തെ ഉന്മത്തനാക്കുന്നു. ഗംഗാദേവിയെ വിട്ടുപിരിഞ്ഞതില്‍ പിന്നെ ആദ്യമായി ശന്തനു വീണ്ടും ഒരു മോഹാവേശത്തില്‍ അകപ്പെട്ടുപോകുന്നു. സത്യവതി വേദവ്യാസന്റെ മാതാവാണ്.

ഒരിക്കല്‍ സത്യവതി കാളിന്ദി നദിയില്‍ കടത്തുതോണി തുഴയവേ പരാശരമുനി അതുവഴി വരുന്നു..
അദ്ദേഹത്തിന് സത്യവതിയുടെ മേല്‍ ഇഷ്ടം തോന്നുന്നു. അവളോട് ഇഷ്ടം തുറന്നു പറയുമ്പോള്‍ താന്‍ മുക്കുവ കന്യയാണെന്നും, മഹര്‍ഷിക്ക് യോഗ്യയല്ലെന്നും, ഒക്കെ പറഞ്ഞ് ഒഴിയുന്നു.
മഹര്‍ഷി അവളുടെ കന്യകാത്വത്തിന് ഭംഗമൊന്നും വരില്ല എന്നു ഉറപ്പു നല്‍‌കി അവള്‍ക്ക് മത്സ്യഗന്ധം മാറ്റി കസ്തൂരി ഗന്ധവും നല്‍കി ഒപ്പം ഒരു പുത്രനെയും നല്‍കി, കന്യകാത്വവും തിരിച്ചു നല്‍കി, ഒക്കെയും ലോകനന്മയ്ക്കായി സംഭവിച്ചതാണെന്നു കരുതി മനസ്സില്‍ സൂക്ഷിക്കാന്‍ പറഞ്ഞ് മറയുന്നു. അവര്‍ക്കുണ്ടായ പുത്രനാണ് ദ്വൈപായനന്‍ (സാക്ഷാല്‍ വേദവ്യാസമഹര്‍ഷി! വിഷ്ണുവിന്റെ അംശാവതാരമാകയാല്‍ അദ്ദേഹത്തിനു കൃഷ്ണ ദ്വൈപായനനെന്നും പേരുണ്ട്. അദ്ദേഹം വേദങ്ങളെ നാലായി പകുത്തു, പുരാണങ്ങളും ഉപനിഷത്തുക്കളും ഒക്കെ ലോകനന്മയ്ക്കായി എല്ലാം എളുതാക്കി എഴുതിയ വേദവ്യാസ മഹര്‍ഷി ).

വേദങ്ങളെ പകുത്തതുകൊണ്ടാണ് വേദവ്യാസന്‍ എന്ന പേരു കിട്ടിയത്. (മഹാഭാരത കഥ അദ്ദേഹം തന്റെ ദിവ്യദൃഷ്ടിയാല്‍ ആദ്യമേ തന്നെ ഉള്‍ക്കൊണ്ടിരുന്നു. പിന്നീട് എല്ലാം അപ്രകാരം സംഭവിക്കുകയായിരുന്നു - കഥയിലുടനീളം കഥാപാത്രങ്ങള്‍ പലപ്പോഴും തരണം ചെയ്യാനാകാത്ത വൈഷമ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ സംശയവുമായി വേദവ്യാസന്റെ അടുത്ത് പോകുന്നുണ്ട് .) വേദവ്യാസന്‍ ജനിച്ചയുടന്‍ തന്നെ യുവാവായി തീരുകയും ‘അമ്മ എപ്പോള്‍ ആവശ്യപ്പെടുമോ അപ്പോള്‍ അടുത്തെത്തും’എന്നു പറഞ്ഞ് കാനനത്തില്‍ ധ്യാനത്തിനായി പോവുകയും ചെയ്യുന്നു.


താന്‍ വേദവ്യാസന്റെ മാതാവ് എന്ന രഹസ്യം എന്നത് വെളിപ്പെടുത്താതെ മുനിയില്‍ നിന്ന് ലഭ്യമായ വരപ്രസാദത്താല്‍ കസ്തൂരിഗന്ധിയായ കന്യകയായി  സത്യവതി വീണ്ടും പഴയ കടത്തുകാരിയായി ജീവിക്കുമ്പോഴാണ്  സത്യവതി ശന്തനുവിനെ സന്ധിക്കുന്നത്.
ശന്തനു മഹാരാജാവ് അവളില്‍ അനുരക്തനായപ്പോള്‍ പഴയ സംഭവം ഓര്‍മ്മയുള്ളതുകൊണ്ടോ സത്യവതി 'തന്നെ ഇഷ്ടമാണെങ്കില്‍ അച്ഛന്റെ അനുവാദം വാങ്ങിയാലേ തന്നെ വിവാഹം ചെയ്യാന്‍ തനിക്കു സമ്മതമുള്ളൂ' എന്ന് പറയുന്നു.. പ്രണയാന്ധനായ രാജാവ് നേരെ മുക്കുവരാജന്റെ വീട്ടില്‍ എത്തി തന്റെ അഭീഷ്ടം അറിയിക്കുന്നു. മുക്കുവരാജാവായിരുന്നെങ്കിലും അദ്ദേഹം വളരെ ദീര്‍ഘദൃഷ്ടിയും സ്വന്തം അഭിപ്രായങ്ങളും ഒക്കെ ഉള്ള ഒരു പിതാവായിരുന്നു. അദ്ദേഹം രാജാവിനോട് തന്റെ ഭയാശങ്കകള്‍ പറഞ്ഞുപോകുന്നു. ‘രാജന്‍ അങ്ങേയ്ക്ക് ഒരു മകന്‍ യുവരാജാവായി ഉള്ളപ്പോള്‍ തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാധികാരം ഒരിക്കലും കിട്ടാന്‍ പോകുന്നില്ല. തന്റെ മകളുടെ മക്കള്‍ക്ക് രാജ്യാവകാശം കിട്ടുമെങ്കിലേ ഈ വിവാഹത്തിന് സമ്മതമുള്ളൂ’ എന്നു പറയുന്നു. ഇതുകേട്ട് രാജാവ് ഒരിക്കലും സാധ്യമല്ല എന്നു തീര്‍ത്ത് പറഞ്ഞ അവിടെ നിന്നും കൊട്ടാരത്തിലെത്തുന്നു.

വേണ്ടെന്നു പറഞ്ഞ് കൊട്ടാരത്തില്‍ തിരിച്ചെത്തുന്ന രാജാവിന്റെ മനസ്സില്‍ നിന്നും സത്യവതിയുടെ രൂപം മായുന്നില്ല. സദാ ശോകമൂകനായിരിക്കുന്ന പിതാവിന്റെ ശോകകാരണം എന്തായിരിക്കാം എന്നു സത്യവ്രതന്‍ തിരക്കിയെങ്കിലും അദ്ദേഹം അത് രഹസ്യമായ് വയ്ക്കുന്നു. ഒടുവില്‍ ഒരു രാജ്യസേവകന്‍ വഴി വിവരം അറിയുമ്പോള്‍ തന്റെ പിതാവിന്റെ അഭീഷ്ടം താന്‍ നടത്തിക്കൊടുക്കും എന്ന വാശിയോടെ കുതിരപ്പുറത്തു കയറി സത്യവിതിയുടെ വീട്ടില്‍ എത്തുന്നു..സത്യവതിയുടെ അച്ഛന്‍ Boldതന്റെ അഭിപ്രായം അറിയിക്കുന്നു. ദേവവ്രതന്‍ ഉടന്‍ തന്നെ തനിക്ക് രാജ്യാധികാരം വേണ്ടെന്നും സത്യവതിക്കുണ്ടാകുന്ന പുത്രന്‍ രാജ്യം ഭരിച്ചോട്ടെ എന്നും വാക്കു കൊടുക്കുന്നു. മത്സ്യരാജന് അതും സ്വീകാര്യമായില്ല. ‘അങ്ങ് ഇങ്ങിനെ പറയുന്നു.. ഒരുപക്ഷെ, അങ്ങെയുക്കുണ്ടാകുന്ന പുത്രന്മാര്‍ അതിന് അനുകൂലമല്ലെങ്കിലോ!’ എന്ന് ആശങ്ക പ്രകടിപ്പിക്കുന്നു.
ഇതുകേട്ട് സത്യവ്രതന്‍ ആരും ചിന്തിക്കകൂടി ചെയ്യാത്ത ഒരു ശപഥം അവിടെ വച്ച് ചെയ്യുന്നു.
താന്‍ നിത്യബ്രഹ്മചാരിയായി ജീവിക്കും എന്ന്. അതുകേട്ട് ദേവകള്‍ പുഷ്പവൃഷ്ടി നടത്തി ‘ഭീഷ്മര്‍’ എന്ന നാമത്തില്‍ വാഴ്ത്തുന്നു. ശന്തനുമഹാരാജാവ് മകന്റെ ത്യാഗത്തില്‍ പ്രസാദിച്ച്, ‘സ്വച്ഛന്ദമൃത്യു’ എന്ന വരം നല്കി അനുഗ്രഹിക്കുന്നു. (സ്വച്ഛന്ദമൃത്യു എന്നാല്‍ സ്വയം മരിക്കണമെന്നു തോന്നുമ്പോഴേ മരിക്കൂ)

ശന്തനു സത്യവതിയെ വിവാഹം കഴിച്ച്, അവര്‍ക്ക് വിചിത്ര്യ വീര്യന്‍, ചിത്രാംഗദന്‍ എന്നീ രണ്ടു മക്കള്‍‌ ഉണ്ടാകുന്നു. കുറച്ചുകാലം കൂടി സന്തോഷമായി ജീവിച്ച്, ഒടുവില്‍ ശന്തനുമഹാരാജാവ് മരിക്കുന്നു.

 ചിത്രാംഗദന്‍ ഒരിക്കല്‍ തന്റെ തന്നെ പേരുള്ള ഒരു ഗന്ധര്‍വ്വനുമായുണ്ടായ യുദ്ധത്തില്‍ മരിച്ചുപോകുന്നു.. ആ ഗന്ധര്‍വ്വന്‍ ചിത്രാംഗദനോട് പേരു മാറ്റാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലായിരുന്നു യുദ്ധം!

ചിത്രാംഗദന്റെ മരണശേഷംഭീഷ്മര്‍ വിചിത്രവീര്യനെ രാജാവായി അഭിഷേകം ചെയ്യുന്നു.
 

ഏകലവ്യന്‍

ഒരിക്കല്‍ ശസ്ത്രവിദ്യയില്‍ കേമന്‍ ആരെന്നറിയാനായി ദ്രോണര്‍ പന്തയം നടത്തുന്നു..
അങ്ങു ദൂരെ മരക്കൊമ്പില്‍ കെട്ടിയിരിക്കുന്ന കിളിയുടെ ഒരു കഴുത്തില്‍ അമ്പെയ്ത് കൊള്ളിക്കുക എന്നതായിരുന്നു പന്തയം.
ദ്രോണര്‍ യുധിഷ്ടിരനോട് (ധര്‍മ്മപുത്രരോട്) എന്തു കാണാന്‍ പറ്റുന്നു എന്ന് ചോദിക്കുന്നു
'അങ്ങകലെ ഒരു വൃക്ഷം നില്‍ക്കുന്നത് കാണാന്‍ പറ്റും’ എന്ന് പറയുന്നു..
അങ്ങിനെ ഓരോരുത്തരും വൃക്ഷവും ഇലകളും ഒക്കെയേ കാണുന്നുള്ളൂ.
ഒടുവില്‍ അര്‍ജ്ജുനനോട് എന്തുകാണുന്നു എന്നു ചോദിക്കുമ്പോള്‍, ‘കിളിയുടെ കഴുത്ത് കാണുന്നു’ എന്ന് പറയുന്നു.. അപ്പോള്‍ ദ്രോണര്‍ അര്‍ജ്ജുനനോട് അമ്പെയ്യാന്‍ പറയുന്നു. അര്‍ജ്ജുനന്‍ കുറിക്ക് കിളിയുടെ കഴുത്തില്‍ തന്നെ അമ്പെയ്യുന്നു. ലോകൈക ധനുര്‍ധരനായി തീരട്ടെ എന്ന് ദ്രോണര്‍ അര്‍ജ്ജുനനെ അനുഗ്രഹിക്കുന്നു.
പിന്നീടൊരിക്കല്‍ ദ്രോണര്‍ ഗംഗാനദിയില്‍ കുളിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ഒരു മുതല ദ്രോണരുടെ കാലില്‍ പിടികൂടുന്നു, മറ്റു ശിഷ്യരെല്ലാം വിഷണ്ണരായി നില്‍ക്കുമ്പോള്‍ അര്‍ജ്ജുനന്‍ സധൈര്യം അമ്പെയ്ത് മുതലയെ കൊല്ലുന്നു. മനം തെലിഞ്ഞ ദ്രോണര്‍ അര്‍ജ്ജുനന് ബ്രഹ്മാസ്ത്രം ഉപദേശിച്ചുകൊടുക്കുന്നു..
ഇതിനിടയില്‍ ഒരിക്കല്‍ നിഷാധരാജാവായ ഹിരണ്യധനുസ്സിന്റെ മകന്‍ ഏകലവ്യന്‍ ദ്രോണരുടെ കീഴില്‍ വിദ്യ അഭ്യസിക്കാനാഗ്രഹിച്ച് വരുന്നു..
ഏകലവ്യന്റെ കഥ:
കാട്ടു ജാതിക്കാരനായ ഏകലവ്യന്‍ എങ്ങിനെ ഭാരതീയ ഹൃദയത്തില്‍ ഇടംപിടിച്ചെടുത്തു എന്ന കഥ..
കഥ ഇപ്രകാരം..
ഏകലവ്യന്‍ കാട്ടുരാജനായ ഹിരണ്യധനു എന്ന കാട്ടുരാജന്റെ മകനായിരുന്നു. അദ്ദേഹം കൗരവരെ സഹായിക്കവെയാണു മരണമടഞ്ഞതും ഏകലവ്യന്‍ അച്ഛന്റെ മരണശേഷം അനന്തരാവകാശിയായിതീര്‍ന്നു. ഏകലവ്യനു ആയുധവിദ്യ ഭ്രമമായി അന്നത്തെക്കാലത്ത്‌ കീഴ് ജാതിക്കാരെ പഠിപ്പിക്കാന്‍ ഗുരു ഉണ്ടായിരുന്നില്ല. എന്നാല്‍ ഏകലവ്യനു ദ്രോണരുടെ കീഴില്‍ നിന്നു വിദ്യ അഭ്യസിക്കണമെന്ന അദമ്യമായ ആഗ്രഹം വളര്‍ന്നു. ദ്രോണാചാര്യര്‍ തത് സമയം പാണ്ഡവകുമാരന്മാരെയും കൗരവകുമാരന്മാരേയും വിദ്യ അഭ്യസിച്ചു കൊണ്ടിരിക്കയുമായിരുന്നു.
ഏകലവ്യന്‍ തന്റെ ആഗ്രഹം അമ്മയോടു പറഞ്ഞപ്പോള്‍ അമ്മ ഏകലവ്യനു മുന്നറിയിപ്പു നല്‍കി. ദ്രോണാചാര്യന്‍ രാജഗുരുവാണു. അദ്ദേഹം കീഴ് ജാതിക്കാരെ വിദ്യ അഭ്യസിക്കുമോ എന്ന കാര്യം സംശയമാണു. ഏകലവ്യനു തന്റെ ആഗ്രഹം വലുതായി തോന്നിയതിനാല്‍ അവന്‍ നേരെ ദ്രോണാചാര്യരെ കാണാന്‍ യാത്രയായി.
ദ്രോണാചാര്യരെ കണ്ട മാത്രയില്‍ തന്നെ ഏകലവ്യന്‍ ഇദ്ദേഹം തന്നെയാണു തന്റെ ഗുരു എന്നു സ്വയം മനസ്സില്‍ നിനയ്ച്ചു അദ്ദേഹത്തിന്റെ മുന്നില്‍ സാഷ്ടാംഗ പ്രണാമം ചെയ്‌തു. ഏകലവ്യനെ കണ്ടമാത്രയില്‍ ദ്രോണാചാര്യര്‍ അവന്‍ ആരെന്നു മനസ്സിലാവുകയും ചെയ്‌തു. കാട്ടുരാജന്റെ മകന്‍. അദ്ദേഹം ഏകലവ്യനെ പിടിച്ചെഴുന്നേല്‍പ്പിച്ചു , ‘എന്താ എന്തിനായി നീ എന്നെ തേടി വന്നു?’ എന്നു അല്‍പ്പം പരിഭ്രമത്തോടെ ചോദിച്ചു. ഏകലവ്യന്‍ തനിക്കു അദ്ദേഹത്തിന്റെ കീഴില്‍ നിന്നു വിദ്യ അഭ്യസിക്കണം എന്ന ആഗ്രഹം അറിയിച്ചു. ദ്രോണാചാര്യര്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. അദ്ദേഹം ധര്‍മ്മ സങ്കടത്തിലായി വിദ്യ പകര്‍ന്നു കൊടുക്കാനുള്ളതാണു. ജാതിമതഭേദമില്ലാതെ വലിപ്പച്ചെറുപ്പമില്ലാതെ വിദ്യാ ചോദിച്ചു വരുന്നവര്‍ക്ക്‌ പകര്‍ന്നു കൊടുക്കുക എന്നതാണു ഒരു ഉത്തമ ഗുരുവിന്റെ ധര്‍മ്മവും. പക്ഷെ, ഇവിടെ താന്‍ നിസ്സഹായനാണെന്ന വസ്തുത അദ്ദേഹം ഓര്‍ത്തു. രാജശാസനത്തെ മറികടക്കുക എന്നാല്‍ രാജാവിനെ ധിക്കരിച്ചതിനു തുല്യമാണു താനും. രാജപുത്രന്മാരെ വിദ്യ അഭ്യസിപ്പിക്കുക എങ്കിലും ഈ കൊച്ചു ബാലനോടെങ്ങിനെ അരുതെന്നു പറയാന്‍ അവന്‍ പഠിച്ചോട്ടെ, പക്ഷെ, തന്റെ കൂടെയല്ല തനിച്ചു. പക്ഷെ തന്റെ മാനസികമായ എല്ലാ അനുഗ്രഹങ്ങളും അവനുണ്ടാകും എന്നു മനസ്സില്‍ നിനയ്ച്ച്‌ ദ്രോണര്‍ ഏകലവ്യനോടു സ്നേഹപൂര്‍വ്വം പറഞ്ഞു മനസ്സിലാക്കി. തനിക്കു ഒരേ സമയം രാജപുത്രന്മാരേയും ഏകലയനേയും ഒരുമിച്ച്‌ വിദ്യ പഠിപ്പിക്കാന്‍ അനുവാദമില്ലെന്നും എന്നാല്‍ നിന്റെ ആഗ്രഹപ്രകാരം സ്വയം അഭ്യാസം ചെയ്‌തു നിനക്കു വേണ്ടുന്ന ശസ്ര്ത വിദ്യ കരസ്ഥമാക്കിക്കൊള്ളുക എന്ന ആശീര്‍വ്വാദം നല്‍കി മടക്കി.
പോകും വഴി ഏകലവ്യന്റെ മനസ്സില്‍ ഗുരുവിനോടുള്ള ഭക്‌തി നിറഞ്ഞു നിന്നു. നോക്കുന്നിടങ്ങളിലൊക്കെ ഗുരുവിന്റെ മുഖം മാത്രമേ ഉള്ളൂ. കേള്‍ക്കുന്നതു ഗുരുവിന്റെ ശബ്ദംആ മനോനിലയിലിരുന്ന്‌ ഏകലവ്യന്‍ കളിമണ്ണാല്‍ തന്റെ ഗുരുനാഥന്റെ രൂപം തീര്‍ത്തു.ശരിയ്ക്കും പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഗുരു! ഏകലവ്യന്‍ അറിയാതെ താഴെ വീണു നമസ്ക്കരിച്ചു. അവന്‍ പുതുപുഷ്പങ്ങള്‍ ശേഖരിച്ചു മാലകോര്‍ത്ത്‌ ആചാര്യനു ചാര്‍ത്തി. അദ്ദേഹത്തെ പുഷ്പങ്ങളാല്‍ അഭിഷേകം ചെയ്‌തു. ഗുരുദേവപ്രതിമയ്ക്കു മുന്നില്‍ നിന്ന്‌ ഏകലവ്യന്‍ തന്റെ അഭ്യാസം തുടങ്ങി. ഏതോ അദൃശ്യ ശക്‌തിയാലെന്ന വിധം ഏകലവ്യന്റെ ഓരോ തെറ്റുകളും തിരുത്തപ്പെട്ടു, അവന്‍ സകല വിധ കേട്ടറിവും കണ്ടറിവും ഉള്ള ശസ്ത്ര പ്രയോഗങ്ങളും കരസ്ഥമാക്കി.
ഒരിക്കല്‍ ഏകലവ്യന്‍ ഏകാന്ത ധ്യാനത്തില്‍ ഇരിക്കെ, അടുത്തു ഒരു ശ്വാനന്റെ ഇടതടവില്ലാത്ത കുരകേട്ടു. അത്‌ കാതുകള്‍ക്ക്‌ വളരെ അഗോചരമായി തോന്നുകയാല്‍ തന്റെ വില്ലെടുത്ത്‌ ശബ്ദം കേട്ട ദിക്കിലേയ്ക്ക്‌ തുടരെ തുടരെ ബാണം തൊടുത്തു വിട്ടു. പട്ടിയുടെ കുര നിന്നു. ഏകലവ്യന്‍ തന്റെ ധ്യാനം തുടരുന്നു. ശ്വാനന്‍ അര്‍ജ്ജുനന്റെ വേട്ടനായയായിരുന്നു. ദ്രോണാചാര്യരും അശ്വദ്ധാമാവും അര്‍ജ്ജുനനും കൂടി വേട്ടയ്ക്കായി അതുവഴി പോവുകയായിരുന്നു. അവര്‍ക്കു തുണയായി കൂടെയുണ്ടായിരുന്ന ശ്വാനനാണു കുരച്ചത്‌. ഏകലവ്യന്റെ വില്ലുകള്‍ കുറിക്കുതന്നെ കൊണ്ടു. പട്ടിയുടെ വായ കുത്തിക്കെട്ടിയ നിലയില്‍! അതു ദയനീയമായി കരയാന്‍ തുടങ്ങി.. അര്‍ജ്ജുനന്‍ വല്ലാത്ത ആകാംഷയുണ്ടായി. ശസ്ത്രവിദ്യയില്‍ തന്നെ ജയിക്കാന്‍ ലോകത്തില്‍ ആരും തന്നെയില്ലെന്നു ഗുരുനാധന്‍ തന്നെ വാക്കുപറഞ്ഞ ആത്മവിശ്വാസത്തിനു ഉലച്ചില്‍ തട്ടുന്ന ഒരു ദൃശ്യം.
ഈ കാട്ടില്‍ ഇത്രയും കഴിവുള്ളവന്‍ ആരെന്നറിയുവാനുള്ള ആഗ്രഹം ദ്രോണാചാര്യര്‍ക്കും അശ്വദ്ധാമാവിനും ഉണ്ടായി. അവര്‍ തേടിചെന്നു. അധികം ദൂരത്തല്ലാതെ അവര്‍ ഏകലവ്യന്‍ ധ്യാനിച്ചിരിക്കുന്നതു കണ്ടു. മുന്നില്‍ ദ്രോണാചാര്യന്റെ പൂജിക്കപ്പെട്ട വിഗ്രഹവും.അടുത്തു ചെന്നു.കാല്‍പ്പെരുമാറ്റം കേട്ടു കണ്ണു തുറന്ന ഏകലവ്യനു വിശ്വസിക്കാനായില്ല. സാക്ഷാല്‍ ഗുരുദേവന്‍. അവന്‍ ഭക്‌തിയാല്‍ സര്‍വ്വം മറന്ന്‌ അദ്ദേഹത്തിന്റെ മുന്നില്‍ വീണു. ദ്രോണാചാര്യര്‍ അവനെ ആശീര്‍വ്വദിച്ചു. ‘നീ എവിടെ നിന്നു ഇതൊക്കെ കരസ്ഥമാക്കി?’ എന്ന ചോദ്യത്തിനു ഏകലവ്യന്‍ ഗുരുവിന്റെ പ്രതിമ ചൂണ്ടിക്കാട്ടി. ദ്രോണര്‍ക്ക്‌ വിശ്വസിക്കാനായില്ല. അദ്ദേഹം ചോദിച്ചു, “ശരി, നീ അഭ്യസിച്ച വിദ്യകള്‍ കാട്ടുക" എന്നു. ഏകലവ്യനു ഉത്സാഹമായി. അവന്‍ തന്റെ വിദ്യകള്‍ ഓരോന്നായി പ്രദര്‍ശ്ശിപ്പിക്കാന്‍ തുടങ്ങി. അര്‍ജ്ജുനനും അശ്വദ്ധാമാവും ദ്രോണാചാര്യരും അല്‍ഭുതപരതന്ത്രരായി നോക്കി നിന്നു. അര്‍ജ്ജുനനെ വെല്ലുന്ന കരവിരുത്‌! ദ്രോണര്‍ക്ക്‌ അഭിമാനവും അതേ സമയം ഭീതിയും തലപൊക്കി. വിളറി വെളുത്ത അര്‍ജ്ജുനന്റെ മുഖം അത്‌ കൂടുതല്‍ ദൃഢപ്പെടുത്തി. ഇത്‌ തനിക്കും ഏകലവ്യനും നന്നാല്ല. ആപത്തുണ്ടാക്കുകയേ ഉള്ളു. പോരാത്തതിനു ഏകലവ്യന്‍ കൗരവപക്ഷനുമാണു. പാടില്ല. ഉണ്ടചോറിനു നന്ദികാണിക്കേണ്ട കടമ തനിക്കുമുണ്ട്‌. ഏകലവ്യന്റെ ഈ അറിവു രാജദ്രോഹത്തിനു തുല്യം.അദ്ദേഹം പിന്നെ കൂടുതല്‍ ചിന്തിച്ചില്ല. പതിയെ ഏകലൂ്യ‍ന്റെ അടുത്തു ചെന്നു, അദ്ദേഹം അശീര്‍വ്വദിച്ചു, നീ ഏറ്റവും വലിയ വില്ലാളി തന്നെയാണു. അറിയേണ്ടതെല്ലാം അറിഞ്ഞ വില്ലാളി. നീ നിന്റെ ഗുരുവിന്റെ എന്തു ദക്ഷിണയാണു നല്‍കുക? ഏകലവ്യന്‍ പറഞ്ഞു എന്റെ ജീവനുള്‍പ്പെടെ എന്തും എന്ന്‌ ഇതുകേട്ടു ഗുരു ശാന്തനായി പറഞ്ഞു ശരി എങ്കില്‍ നിന്റെ വലതുകയ്യിലെ പെരുവിരല്‍ ഈ ഗുരുവിനു ദക്ഷിണയായി തരാമോ? എന്ന്‌.
ഏകലവ്യന്‍ ആദ്യം ഒന്നമ്പരന്നു. പെരുവിരലില്ലാതെ ത്ക്കെങ്ങിനെ തന്റെ കഴിവു പ്രയോജനപ്പെടുത്താനാവും ഉടന്‍ തന്നെ ആ ചിന്ത മാറി, ഗുരുഭക്‌തി നിറഞ്ഞു. ഗുരുവിന്റെ വായില്‍ നിന്നു തന്നെ അംഗീകാരം കിട്ടിക്കഴിഞ്ഞ സ്ഥിതിയ്ക്ക്‌ ഇനി ഇതില്‍ക്കൂടുതല്‍ എന്തു വിജയം വരിക്കാന്‍?! ഏകലവ്യന്‍ കണ്ണടച്ചു തുറക്കുന്നതിനകം തന്റെ പെരുവിരല്‍ ഛേദിച്ചു ദ്രോണാചാര്യരുടെ മുന്നില്‍ അര്‍പ്പിച്ചു. ഹൃദയം കുളിര്‍ത്ത അദ്ദേഹം ഏകലവ്യനെ കെട്ടിപ്പിടിച്ചു ആശീര്‍വ്വദ്ദിച്ചു', “ലോകാവസാനം വരെ ഗുരു‍ഭക്‌തിക്കു ഉത്തമോദാഹരണമായി നിന്റെ പേര്‍ വിളങ്ങി നിക്കും കുട്ടീ.. നഷ്ടമായ പെരുവിരല്‍ കൊണ്ടു നേടാവുന്നതിലും വലിയ വീര നാമവും വീരസ്വര്‍ഗ്ഗവും തന്റെ ത്യാഗത്തിലൂടെ പെരുവിലലിങ്കിലും നിനക്കാ വശ്യമായ വിദ്യകളൊക്കെ നിനക്ക്‌ ചെയ്യാനുമാകും”.
ഈ ദൃശ്യം കണ്ട്‌ ദേവന്മാര്‍ സ്വര്‍ല്ലോകത്തു നിന്ന്‌ പുഷ്പവൃഷ്ടി നടത്തി. ഒന്നുമറിയാത്തപോലെ ഒളിഞ്ഞിരുന്ന്‌ ചിരിക്കുന്ന ഒരാളുമുണ്ടായിരുന്നു അവിടെ, സാക്ഷാല്‍ ശ്രീകൃഷ്ണനല്ലാതെ മറ്റരാവാന്‍!. മഹാഭാരത കഥയില്‍ പാണ്ടവരുടെ (സത്യത്തിന്റെ) വിജയത്തിനായി അദ്ദേഹം ചെയ്‌ത ചില അന്യായങ്ങളില്‍ പരമപ്രധാനമായി ഏകലവ്യന്റെ ഹൃദയസ്പര്‍ശ്ശിയായ കഥയും വിരാജിക്കുന്നു.
പെരുവിരലുണ്ടായിരുന്നെങ്കില്‍ ഏകലവ്യന്‍ മഹാഭാരത യുദ്ധത്തില്‍ അര്‍ജ്ജുനനു തുല്യമായി പടപൊരുതി കീര്‍ത്തി നേടാമായിരുന്നു. എന്നാല്‍ പെരുവിരല്‍ നഷ്ടപ്പെടുത്തിയപ്പോഴും അതേ തുല്യതയോടെ മഹാഭാരാത കഥയില്‍ ഏകലവ്യന്‍ അര്‍ജ്ജുനനോടൊപ്പം കീര്‍ത്തിമാനായി ശോഭിക്കുന്നു എന്നത്‌ ആശ്ചര്യമുളവാക്കുന്നില്ലേ?! ഉള്ളതിനെ ഇല്ലാതാക്കാനും ആര്‍ക്കും കഴിയില്ല ഇല്ലാത്തതിനെ പുതുതായി ഉണ്ടാക്കാനും ആര്‍ക്കുമാവില്ല എന്നതിനുദാഹരണം. മനുഷ്യന്‍ വിജയിക്കുന്നു എന്നുപറയുമ്പോള്‍ ഒരുപക്ഷെ ദൈവത്തിനു അത്‌ പരാജയമായും മനുഷ്യര്‍ പരാജയപ്പെട്ടു എന്നു പറയുമ്പോള്‍ ദൈവത്തിന്റെ മുന്നില്‍ അതു വിജയമായും അംഗീകരിക്കപ്പെടുന്നുണ്ടാകും!!!.

സുഭദ്ര

പാണ്ഡവന്മാര്‍ തമ്മില്‍ ഒരു നിബന്ധന ഉണ്ടായിരുന്നു. പാഞ്ചാലി 5 പേരുടേയും ഭാര്യയായതിനാല്‍
അവര്‍ ചില നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു
ഓരോ വര്‍ഷം ഓരോരുത്തരുടെ ഭാര്യയായി കഴിയണം. അപ്പോള്‍ ബാക്കി നാലുപേരും സഹോദരതുല്യര്‍ ആയിരിക്കും
ഭാര്യാഭര്‍ത്താക്കന്മാരായിരിക്കുന്ന ജോഡികളെ അറിഞ്ഞോ അറിയാതെയോ ഏതെങ്കിലും വിധത്തില്‍ സ്വകാര്യത തകര്‍ത്താല്‍ ആ ആള്‍ ഒരു വര്‍ഷം വേഷപ്രച്ഛന്നനായി വനവാസം ചെയ്യണം എന്നതായിരുന്നുനിബന്ധന

എന്നാല്‍ ഈ നിയമം ഒരിക്കല്‍ അര്‍ജ്ജുനന്‍ അറിയാതെ ഘണ്ഡിക്കുന്നു.

ഒരിക്കല്‍ തന്റെ പശുക്കളെ ആരോ മോഷടിച്ചുകൊണ്ടുപോയെന്നും എങ്ങിനെയും രക്ഷിച്ചു തരണമെന്നു അപേക്ഷിച്ച് ഒരു ബ്രാഹ്മണന്‍ അര്‍ജ്ജുനന്റെ അടുക്കല്‍ ചെന്ന് അപേക്ഷിക്കുന്നു.

അര്‍ജ്ജുനന് തന്റെ ആയുധം എടുക്കാന്‍ ചെല്ലുമ്പോള്‍ അവിടെ ധര്‍മ്മപുത്രറും പാഞ്ചാലിയും എകാന്തതില്‍ ഇരിക്കയായിരുന്നു. പാഞ്ചാലി ഓരോ വര്‍ഷവും ഓരോ പാണ്ഡവരുടെ പത്നിയാണ്, അപ്പോള്‍ മറ്റു നാലുപേരും സഹോദരീഭാവത്തിലേ ഇടപെടാവൂ. അപ്പോള്‍ അവരുടെ സ്വകാര്യതയില്‍ മറ്റൊരാള്‍ കടന്നു ചെന്നാല്‍ അവര്‍ ഒരു വര്‍ഷം വനവാസം ചെയ്യണം എന്നായിരുന്നു കരാര്‍ . കരാറുപ്രകാരം ആ വര്‍ഷം പാഞ്ചാലി ധര്‍മ്മപുത്രരുടെ ഭാര്യയും ആയിരുന്നു.

അര്‍ജ്ജുനന് ആയുധം എടുക്കാതെ നിര്‍വാഹമില്ലാഞ്ഞതിനാല്‍ പെട്ടെന്ന് പോയി ആയുധവും എടുത്ത് ചെന്ന് ബ്രാഹ്മണന്റെ പശുക്കളെ കൊള്ളക്കാരില്‍ നിന്നും രക്ഷിച്ച് കൊണ്ടു കൊടുക്കുന്നു.

എന്നാല്‍ താന്‍ പ്രതിഞ്ജ ലംഘിച്ച കുറ്റബോധത്താല്‍ ഒരു വര്‍ഷത്തെ വനവാസത്തിനു തയ്യാറാകുന്നു. പാഞ്ചാലിക്ക് ഇത് വളരെ വിഷമമുണ്ടാക്കുന്നു.

അര്‍ജ്ജുനന് ഈ വനവാസകാലത്ത് ഗംഗാദ്വാരത്തില്‍ വച്ച് ഉലൂപി എന്ന സ്ത്രീയെ സന്ധിക്കുകയും അവളില്‍ ‍ ഇരാവാന്‍ എന്ന ഒരു പുത്രനുണ്ടാകുന്നു.

പിന്നീട് അര്‍ജ്ജുനന്‍ ഹിമാലയം , ഹരിദ്വാര്‍, അഗസ്ഥ്യാശ്രമം, വിന്ധുസരസ്സ്, നൈമിശികാരണ്യം കലിംഗം തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം സന്ദര്‍ശ്ശിക്കുന്നു.മണലൂര എന്ന നഗരത്തിലെ ചിത്രവാഹന രാജാവിന്റെ മകള്‍ ചിതാംഗദയെ വേള്‍ക്കുന്നു. ചിതാംഗദയില്‍ അര്‍ജ്ജുനന്‌ ബ്രഭുവാഹനന്‍ എന്ന മകന്‍ ജനിക്കുന്നു.

ഈ വനവാസകാലത്താണ് അര്‍ജ്ജുനന്‍ സുഭദ്രയെയും വരിക്കുന്നത്..

----
അര്‍ജ്ജുനന്റെ ഒരുവര്‍ഷ വനവാസകാലം അവസാനിക്കാറാകുമ്പോള്‍ ഒരിക്കല്‍ അര്‍ജ്ജുനന് ശ്രീകൃഷ്ണ സഹോദരി സുഭദ്രയെ പറ്റി അറിയുന്നു.(സുഭദ്ര കുന്തിയുടേ സഹോദരനായ വസുദേവരുടെ പുതിയാകയാല്‍ അര്‍ജ്ജുനന്റെ മുറപ്പെണ്ണുമാണ്) അവളുടെ സൌന്ദര്യത്തില്‍ മോഹിതനായി അവളെ വരിക്കണം എന്ന ആഗ്രഹം ജനിക്കയാല്‍ ഒരു പേരാല്‍ വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ശ്രീകൃഷ്നെ ധ്യാനിക്കാന്‍ തുടങ്ങി.

സത്യഭാമയോടൊപ്പം അവിടെ ചെല്ലുന്ന ശ്രീകൃഷ്ണന് കപടസന്യാസിയെപ്പോലിരുന്ന് തന്നെ ധ്യാനിക്കുന്ന അര്‍ജ്ജുനനെ കണ്ട് ചിരിവരുന്നു. സത്യഭാ‍മ കാരണം ആരായുമ്പോള്‍ അര്‍ജ്ജുനന് തന്റെ സഹോദരി സുഭദ്രയെ വേള്‍ക്കാനായാണ് ഈ ധ്യാനം എന്നുപറഞ്ഞ് കളിയാക്കുന്നു.
ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ എണീപ്പിച്ച് ആശ്ലേഷിക്കുന്നു.

തുടര്‍ന്ന് അര്‍ജ്ജുനനും ശ്രീകൃഷ്ണനും രൈവതക പര്‍വ്വതത്തിലേക്ക് പോകുന്നു.

രൈവതക പര്‍വ്വതത്തില്‍ യാദവരുടെ ഒരു ഉത്സവം നടക്കുമ്പോള്‍ അവിടെ വച്ച് അര്‍ജ്ജുനന്‍ സുഭദ്രയെ നേരില്‍ കാണുന്നു. അര്‍ജ്ജുനനു സുഭദ്രയോടുള്ള അനുരാഗം വര്‍ദ്ധിക്കുന്നു. സുഭദ്ര പോയശേഷം അര്‍ജ്ജുനന്‍ വിഷാദവാനായി ഒരിടത്തിരിക്കുമ്പോള്‍ കൃതവര്‍മ്മാവ് ബലന്‍ തുടങ്ങിയ യാദവ വീരന്മാര്‍ അതുവഴി വരുന്നു. അവര്‍ വിഷാദവാനായി ഇരിക്കുന്ന ആ സന്യസിയോട് കുശലപ്രശനം ഒക്കെ നടത്തി, ചങ്ങാത്തം സഥാപിച്ച്, ഒടുവില്‍ അര്‍ജ്ജുനനെ ബലഭദ്രന്റെ അനുമതിയോടെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പോകുന്നു.

അവിടെ സുഭദ്രയുടെ ഗൃഹത്തിനടുത്ത് ഒരു ആരാമത്തില്‍ അദ്ദേഹത്തിനു താമസിക്കാന്‍ തക്ക സംവിധാനങ്ങള്‍ ചെയ്തുകൊടുക്കുന്നു. ശ്രീകൃഷ്ണന്‍ ഒന്നും അറിയാത്തപോലെ ആരോഗ്യവാനും സുന്ദരനും ആയ ഒരു സന്യാസിയെ സുഭദ്രാഗ്രഹത്തിനടുത്ത് താമസിപ്പിക്കുന്നതില ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ ബലരാമനും മറ്റും സന്യാസിയില്‍ ഒരു സംശയവും ഉണ്ടായിരുന്നില്ല. അവര്‍ സുഭദ്രയെ സന്യാസിയെ സല്‍ക്കരിക്കാന്‍ ഏര്‍പ്പാടാക്കുക കൂടി ചെയ്തു.

അര്‍ജ്ജുനനു ഇതില്‍പ്പരം ആനന്ദം ഇനി ഉണ്ടാവാനില്ല. സുഭദ്രയെ ദിനം തോറും കാണുമ്പോള്‍ അര്‍ജ്ജുനന്‌ അവളുടെ മേല്‍ അനുരാഗം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചു വന്നു.അര്‍ജ്ജുനന്റെ രൂപസാദൃശ്യം ഉള്ള ആ സന്യാസിയോട് സുഭദ്രയ്ക്കും ഇഷ്ടം തോന്നിത്തുടങ്ങിയിരുന്നു. അവള്‍ അര്‍ജ്ജുനനെ പറ്റി സന്യാസിയോട് ചോദിക്കുകയും സന്യാസി അര്‍ജ്ജുന കഥകള്‍ അവളെ പറഞ്ഞുകേള്‍പ്പിക്കയും ചെയ്ത് അവളില്‍ അര്‍ജ്ജുനനോട് അനുരാഗം വളര്‍ത്തി. ഒടുവില്‍ തന്നില്‍ സുഭദ്രയ്ക്ക് ദൃഢാനുരാഗം ഉറപ്പായപ്പോള്‍ അര്‍ജ്ജുനന്‍ സ്വയം ആരാനെന്ന് വെളിപ്പെടുത്തി. സുഭദ്ര നാണിച്ചു നിന്നു.

ശ്രീകൃഷ്ണന്‍ സുഭദ്രാവിശേഷങ്ങളെല്ലാം ദിവ്യദൃഷ്ടിയാല്‍ അറിയുന്നുണ്ടായിരുന്നു. ബലരാമന് സുഭദ്രയെ തന്റെ ശിഷ്യനായ ദുര്യോദനനു വിവാഹം ചെയ്തു കൊടുക്കുവാനായിരുന്നു താല്പര്യം. അതിനാല്‍ അര്‍ജ്ജുനന് നേരാം വണ്ണം അവളെ വിവാഹം കഴിക്കാനാവില്ലെന്നറിയാമായിരുന്നു ശ്രീകൃഷ്ണന്‍ വേണ്ട ഒത്താശകള്‍ ചെയ്യുന്നു.

ശ്രീകൃഷ്ണന്‍ തന്നെ മുപ്പത്തിലാലും ദിവസം നീണ്ടുനില്‍ക്കുന്ന ഒരു മാരോത്സവം സംഘടിപ്പിക്കുന്നു. ഇതിനകം സുഭദ്ര സന്യാസിയെപ്പറ്റി ശ്രീകൃഷ്നോട് സംശയം പറയുമ്പോള്‍, അവളുടെ ഇഷ്ടപ്രകാരം ചെയ്യാന്‍ അനുമതി നല്‍കി ശ്രീകൃഷ്ണനും മറ്റു യാദവപ്രമുഖരെല്ലാവരും മാരോത്സവത്തില്‍ പങ്കെടുക്കാനായി പോകയും ചെയ്യുന്നു.

ഈ സമയം അര്‍ജ്ജുനന്‍ സുഭദ്രയെ ഗാന്ധര്‍വ്വവിവാഹം ചെയ്യുന്നു. സകല മഹര്‍ഷി ശ്രേഷ്ഠന്മാരും ദേവേന്ദ്രനും അവിടെ വിവാഹത്തില്‍ സന്നിഹിതരായി. വിവാഹം കഴിഞ്ഞ് ഇരുപത്തി രണ്ടാം ദിവസം ഒരു ബ്രാഹ്മണ ഭോജനം വേണമെന്ന് അര്‍ജ്ജുനന്‍ തീരുമാനിച്ചു.
വ്രതസമാപ്തിക്ക് പോകാനായി ഉഗ്രസേനന്‍ രഥവും കൊണ്ട് വരുമ്പോള്‍ അര്‍ജ്ജുനന്‍ തന്നെ തേര്‍തെളിച്ച്, സുഭദ്രയെയും കൊണ്ട് പോകുന്നു. തടുത്തു നിര്‍ത്തിയവരോട് അര്‍ജ്ജുനന്‍ നേരിടുമ്പോള്‍ സുഭദ്ര തേര്‍ തെളിക്കുന്നു. അര്‍ജ്ജുനന്‍ സുഭദ്രയെ തട്ടിക്കൊണ്ടു പോയതല്ല എന്നു വരുത്താനായി ശ്രീകൃഷ്ണന്‍ പറഞ്ഞപ്രകാരമാണ് സുഭദ്രയെക്കൊണ്ട് തേര്‍ തെളിക്കുന്നത്.

ഇന്ദ്രപ്രസ്ഥം എത്താറാകുമ്പോള്‍ അര്‍ജ്ജുനന്‍ സുഭദ്രയോട് ഒരു ഗോപികയുടെ വേഷം ധരിക്കാന്‍ ആവശ്യപ്പെടുന്നു. കൊട്ടാരത്തിലെത്തിയപ്പോള്‍ ശ്രീകൃഷ്ണ സഹോദരിയെ കണ്ട് കുന്തിയും പാഞ്ചാലിയും സന്തോഷിക്കുന്നു.

ശ്രീകൃഷ്ണന്റെ സഹോദരിയായതിനാല്‍ സുഭദ്രയെ അര്‍ജ്ജുനന്‍ വിവാഹം ചെയ്തു കൊണ്ടുവന്നപ്പോള്‍ പാഞ്ചാലിയ്ക്ക് വിഷമം അധികം തോന്നിയില്ല.

നാരദന്‍

നാരദമഹർഷി അവിടെവച്ച് തന്റെ പൂർവ്വജന്മ കഥയും ചൊല്ലുന്നു..നാരദന്‍ പണ്ട് ബര്‍ഹണന്‍ എന്ന പേരോടു കൂടിയ ഒരു ഗന്ധര്‍വ്വനായിരുന്നു.. സദാ കാമവികാരത്തോടെ നടന്നിരുന്ന ഒരു ഗന്ധര്‍വ്വന്‍. സുന്ദരിമാരായ തരുണിമാരെ ബലാല്‍ക്കാരേണപോലും പ്രാപിച്ചിരുന്നു..
തന്റെ പാപപ്രവര്‍ത്തികളുടെ ഫലമായി ആ ഗന്ധര്‍വ്വന്‍ അടുത്ത ജന്മം ഒരു ബ്രാഹ്മണ ഗൃഹത്തിൽ ദാസ്യവേല ചെയ്തിരുന്ന ഒരു ശൂദ്രസ്ത്രീയുടെ പുത്രനായി ജനിക്കുന്നു. പൂജയ്ക്കൊക്കെ ഒരുക്കുന്നതും മറ്റും ആ കുട്ടിയായിരുന്നു. അതിനിടയിൽ മഹാഭാഗവതം ശ്രദ്ധിച്ചുകേട്ടു, ഭഗവാനാണ് എല്ലാം എന്നും നാം ഭഗവാനെയാണ് സ്നേഹിക്കേണ്ടതും എന്നൊക്കെ മനസ്സിലായി ഒടുവിൽ അവിടെ കൂടിയിരുന്ന മഹാത്മാക്കൾ പോകാനൊരുങ്ങുമ്പോൾ അവരൊടൊപ്പം പോകാനൊരുങ്ങുന്നു.അതുകണ്ട് അമ്മ കരഞ്ഞുകൊണ്ട് തനിക്കാരുമില്ലെന്ന് പറഞ്ഞ് തിരിച്ചുവിളിക്കുന്നു. പിന്നീട് ഒരിക്കൽ കാട്ടിൽ വച്ച് അമ്മ സർപ്പദർശനമേറ്റ് മരിക്കുമ്പോൾ കുട്ടി സ്വതന്ത്രനായ് സമാധാനത്താൽ സരസ്വതീ നദീതീരത്ത് ഒരു ആൽ‌വൃക്ഷത്തിനടിയിൽ പോയി ഭഗവത് ദർശനത്തിനായി ധ്യാനിക്കുന്നു. പെട്ടെന്ന് ഉള്ളിലുള്ള രൂപം മറഞ്ഞ് പരിഭ്രാന്തിയോടെ കണ്ണുതുറന്ന് നോക്കുമ്പോൾ ശംഖു ചക്ര ഗദാധാരിയായ ഭഗവാൻ ചിരിച്ചുകൊണ്ട് മുന്നിൽ! ഭഗവാൻ പറയുന്നു ഇനി നിനക്ക് ഈ ജന്മം എന്നെ കാണാനാകില്ല, പക്ഷെ, അടുത്ത ജന്മത്തിൽ നീ എന്റെ ഭക്തനായി ജനിക്കാനാകും.. അടുത്തജന്മത്തിൽ ആ കുട്ടി ഭഗവാന്റെ അംശമായ നാരദനായി ജനിക്കുന്നു. (ഭ്രഹ്മാവിന്റെ പുത്രനായി ഭ്രഹ്മാംശത്തില്‍ ജനിക്കുന്ന നാരദന്‍)
ജനിച്ചപ്പോഴേ അദ്ദേഹം ബ്രഹ്മര്‍ഷിയായും തീര്‍ന്നു.
തന്റെ കയ്യിലുള്ള വീണയുമായി ലോകം മുഴുവന്‍ ഭഗവാനെ കീര്‍ത്തിച്ചുകൊണ്ടു ധര്‍മ്മരക്ഷക്കായു അലഞ്ഞു നടക്കുന്നു.. (ദക്ഷന്റെ ആയിരം പുത്രന്മാരെയും സന്യസിക്കാന്‍ പ്രേരിപ്പിച്ച കുറ്റത്തില്‍ ദക്ഷന്‍ നാരദനെ എന്നും അലഞ്ഞു തിരിയാന്‍ ഇടയാക്കട്ടെ എന്നു ശപിച്ചുവെങ്കിലും ആ ശാപം അദ്ദേഹത്തിന്റെ ലക്ഷ്യത്തിനു കൂടുതല്‍ പ്രയോജനമായി തീര്‍ന്നു)

പരീക്ഷിത്


പരീക്ഷിത് അര്‍ജ്ജുനന്റെ മകന്‍ അഭിമന്യൂവിന്റെ മകന്‍ ആണ്.
പാണ്ഡവര്‍ മഹാപ്രസ്ഥാനം ചെയ്തശേഷം രാജ്യം ഭരിക്കുന്നത് പരീക്ഷിത് ആണ്.
അദ്ദേഹം വളരെ ധര്‍മ്മിഷ്ഠമും ധീരനും ദാനശീലനും ആയിരുന്നു. അദ്ദേഹത്തിന്റെ ഭരണത്തില്‍ രാജ്യം ഒട്ടേറേ അഭിവൃദ്ധിപ്രാപിക്കയും ചെയ്തു.

വളരെ ധർമ്മജ്ഞനായും നീതിമാനുമായി പ്രജകളുടെ ക്ഷേമത്തിനു പ്രാധാന്യം നൽകി രാജ്യം ഭരിച്ചുകൊണ്ടിരിക്കെ, ഒരിക്കൽ അദ്ദേഹം പ്രജകളുടെ ക്ഷേമവ്രത്താന്തം അറിയാനായി കുതിരപ്പുറത്ത് സവാരിചെയ്യുമ്പോൾ വഴിയിൽ മൂന്ന് കാലൊടിഞ്ഞ ഒരു കാളയും ഒരു പശുവും നിൽക്കുന്നു. അരികിൽ കറുത്ത വസ്ത്രധാരിയായി രാജകീയ ചിഹ്നങ്ങളൊക്കെ അണിഞ്ഞു നിന്ന് കാളയെ ദ്രോഹിക്കുന്നു.
പരീക്ഷിത്ത് ചോദിക്കുന്നു, അപ്പോൾ അയാൾ പറയുന്നു, ഞാൻ കലിയാണ്. കാള ധർമ്മമൂർത്തിയും പശു ഭൂമീദേവിയുമാണ് എന്നും പറയുന്നു.
കലി പറയുന്നു, ശ്രീകൃഷ്ണൻ ശരീരം ത്വജിച്ചശേഷം എനിക്ക് ഇവിടെ
ഇത് കേട്ട് ദേഷ്യം വന്ന് കലിയെ വധിക്കാനൊരുങ്ങുന്നു.
അപ്പോൾ കലി പരീക്ഷിത്തിന്റെ കാൽക്കൽ വീഴുന്നു. (കാൽക്കൽ വീണാൽ പിന്നെ വധിക്കാൻ പാടില്ല എന്നാണ് നിയമം)
പരീക്ഷിത്ത് പറയുന്നു, എന്റെ ഭരണപരിധിക്കു പുറത്തു പോകൂ എന്ന്
കലി പറയുന്നു, അങ്ങയുടെ ഭരണപരിധിയിൽ പെടാത്ത ഒരു രാജ്യം ഇപ്പോൾ ഭൂമിയിൽ ഇല്ല എന്ന്
ഇത് കേട്ട് കലിക്ക് പരീക്ഷിത്ത് കലിക്കിരിക്കാനായി നാല് സ്ഥലങ്ങൾ കല്പിക്കുന്നു
1) ചൂത് കളിക്കുന്നയിടത്ത് (ചീട്ട് കളി, ലോട്ടറി, ലോട്ടറിയിൽക്കൂടി കഷ്ടപ്പെടാതെ പണക്കാരായവർ അധികവും നശിക്കുന്നു)
2) മദ്യം പാനം ചെയ്യുന്നിടാത്ത്
3) സ്ത്രീ- വേശ്യാലയങ്ങളിൽ
4)സൂനഹ (കൊലപാതകം)
പക്ഷെ ഇതൊന്നും അങ്ങയുടെ രാ‍ജ്യത്തില്ലല്ലൊ എന്ന് കലി പറയുമ്പോൾ കലിക്കായി അഞ്ചാമതായി ഒരിടം പരീക്ഷിത്ത് പറഞ്ഞുകൊടുക്കുന്നു.
5) മാറിക്കൊണ്ടിരിക്കുന്നതിൽ/ ചാപല്യമുള്ളതിൽ (ഒരു ഉദാഹരണം: സ്വർണ്ണം!)

പരീക്ഷിത്തിനുണ്ടായ ബ്രാഹ്മണശാപം

പരീക്ഷിത്ത് ഒരിക്കൽ നായാട്ടിനു പോകുമ്പോൾ ധ്യാനനിരതനായിരിക്കുന്ന ശമീകമഹർഷിയോട് (അംഗിരസ്സിന്റെ പുത്രൻ) ദാഹജലം ചോദിക്കുകയും ധ്യാനത്തിൽ എല്ലാം മറന്നിരുന്ന അദ്ദേഹം അത് കേൾക്കാഞ്ഞത് മനപൂർവ്വമാണെന്ന് കരുതി കോപപ്പെട്ട് അടുത്തുകിടന്ന ഒരു ചത്തപാമ്പിനെ അദ്ദേഹത്തിന്റെ കഴുത്തിൽ വലിച്ചെറിഞ്ഞ് നടന്ന് മറയുകയും ചെയ്യുന്നു.

ക്ഷിപ്രകോപത്താൽ ഇത്രയും ചെയ്തുപോയെങ്കിലും പിന്നീട് അദ്ദേഹം കൊട്ടാരത്തിൽ എത്തുമ്പോൾ പശ്ചാത്തപിക്കുന്നു.

മഹർഷിയുടെ കഴുത്തിൽ പാമ്പിനെ കണ്ട് വന്ന മഹർഷിയുടെ മകൻ ശൃംഗിക്ക് കാര്യം മനസ്സിലാകയും പരീക്ഷിത്തിനെ 7 ദിവസത്തിനകം സർപ്പങ്ങളുടെ രാജാവായ തക്ഷകൻ എന്ന സർപ്പം കൊത്തി മരിക്കാനിടയാകട്ടെ എന്ന് ശപിക്കുകയും ചെയ്യുന്നു.

ധ്യാനത്തിൽ നിന്നുണർന്ന മഹർഷി, പരീക്ഷിത്ത് നല്ല മനുഷ്യനായിരുന്നെന്നും അദ്ദേഹത്തോട് നടന്ന കാര്യങ്ങൾ പോയി പറയാനും മകനോട് ശട്ടം കെട്ടുന്നു.

മുനിയുടെ മകൻ കൊട്ടാരത്തിലെത്തി പരീക്ഷിത്തിനോട് ശാപവൃത്താന്തം അറിയിക്കുന്നു. എന്നാൽ പരീക്ഷിത്ത് ശാന്തനായി പറയുന്നു, ‘താൻ ഈ ശിക്ഷ അർഹിക്കുന്നു എന്നും അമ്മയുടെ ഗർഭപാത്രത്തിൽ വച്ചേ മരിച്ചുപോകേണ്ടിയിരുന്ന താൻ ഇത്രയുമെങ്കിലും ജീവിക്കാനായത് ഭഗവത് കൃപ ഒന്നുകൊണ്ടുമാത്രമാണെന്നും’ സമാധാനിക്കുന്നു.

തനിക്ക് അന്ത്യമടുത്തു എന്ന തോന്നലാൽ, മഹാത്മാക്കളെ വിളിച്ചുവരുത്തി ഉപായം ആരായുന്നു. മഹാത്മാക്കൾ പറയുന്ന്, “മരണം അടുത്തെത്തിയെന്നറിയുന്നവർ ചെയ്യുന്നത്, കാശിയിൽ, അല്ലെങ്കിൽ ഹരിദ്വാറിൽപോയി 7 ദിവസം നിരാഹാരവൃതമെടുത്ത്, ഏഴിന്റ അന്ന് ഗംഗയിൽ ഇറങ്ങി സമാധി കൈക്കൊള്ളുന്നു. പ്രായോഗവേശം എന്നാണ് ഇങ്ങിനെ സമാധികൈക്കൊള്ളുന്നതിന് പറയുന്നത്”. (‘സമാധിസ്ഥൽ’ എന്നൊരു സ്ഥലം ഹരിദ്വാറിൽ ഇപ്പോഴും ഉണ്ട്.)
ഇതു കേട്ട്, പരീക്ഷിത്ത് തന്റെ പുത്രനായ ജനമേജയനെ രാജ്യഭാരം ഏൽ‌പ്പിച്ച് ഹരിദ്വാറിരിലെത്തുന്നു. പ്രാർത്ഥിക്കാനായി അവിടെ ഒരു പർണ്ണശാലകെട്ടുന്നു. അത്രിമഹർഷി, വസിഷ്ഠമഹർഷി, ച്യവനൻ , കാവലൻ തുടങ്ങിയ മഹർഷിമാർ അവിടെ എത്തുന്നു. പരീക്ഷിത്ത്ന് നാമമൊക്കെ ചെയ്തിട്ടും മരണഭയം ഒഴിയുന്നില്ല. അങ്ങിനെ വിഷമിച്ചിരിക്കുമ്പോൾ അവിടെ ശ്രീശുക മഹർഷി എത്തുന്നു. എല്ലാ മഹാത്മാക്കളും എഴുന്നേറ്റു വണങ്ങുന്നു. പരീക്ഷിത്ത് ശ്രീശുകമഹർഷിയോട് ചോദിക്കുന്നു,
‘മരണത്തെ എങ്ങിനെ അഭിമുഖീകരിക്കണം എന്നു പറഞ്ഞു തന്നാലും. ഞാൻ എന്തു കീർത്തിക്കണം, എന്തു സ്മരിക്കണംഎന്നൊക്കെ’.
കേവലം ഒരു പശുവിനെ കറക്കുന്ന സമയം പോലും ഒരിടത്തടങ്ങിയിരിക്കാത്ത ശ്രീശുകൻ ഭാഗവതകഥ പറയാനായ്യി 7 ദിവസം അവിടെ തങ്ങുന്നു.


അങ്ങിനെ 7 ദിവസം കൊണ്ട് മഹാഭാഗവത കഥ കേൾക്കയും, ഏഴാം ദിവസം ഒരു പഴത്തിൽ ഒരു പുഴുവായി ഒളിച്ച് തക്ഷകൻ രാജാവിനെ ദംശിക്കുകയും, അദ്ദേഹം ജീവന്മുക്തി പ്രാപിക്കയും ചെയ്യുന്നു.

ഒരു പ്രത്യേകത എന്തെന്നാൽ ശ്രീമഹാഭാഗവതം കഥ തുടങ്ങുന്നത് മഹാഭാരതയുദ്ധം കഴിഞ്ഞ് പാണ്ഡവർ പരീക്ഷിത്തിനെ രാജാവാക്കി പരീക്ഷിത്തിന്റെ യാഗത്തിൽ വച്ച് സൂതമുനി കഥപറയുമ്പോലെയാണെങ്കിൽ

മാഹാഭാരതം തുടങ്ങുന്നത് പരീക്ഷിത്തിന്റെ മകൻ, ജനമേജയൻ, തന്റെ അച്ഛനെ കൊന്നത് തക്ഷകൻ എന്ന സർപ്പമാണെന്നറിഞ്ഞ്, ഉത്തുംഗ മഹർഷിയുടെ ഉപദേശപ്രകാരം ഒരു സർപ്പയ്ജ്ഞം നടത്തുന്നു. അവിടെ വച്ചാണ് ശ്രീ മഹാഭാരതകഥയുടെ തുടക്കം.

കപിലന്‍


സായംഭൂമനുവിന് (ആദിമനു) ശതരൂപാദേവിയിൽ അഞ്ച് മക്കളുണ്ടാകുന്നു
1) ഉത്താനപാദൻ (ധ്രുവന്റെ പിതാവ്)
2) പ്രിയവ്രതൻ
3)ദേവഹൂതി
4) അകൂതി
5) പ്രസൂതി


ദേവഹൂതി വിവാഹപ്രായമാകുമ്പോൾ സായംഭൂമനു പിതാവായ ബ്രഹ്മാവിനോട് ‘മകളെ ആർക്ക് വിവാഹം കഴിച്ചു കൊടുക്കട്ടെ’ എന്ന് ചോദിക്കുന്നു. അതിന് ഉത്തരമായി ബ്രഹ്മാവ് പറയുന്നു, കർദ്ദമ മഹർഷിക്ക് വിവാഹം ചെയ്തുകൊടുക്കാൻ.

അപ്പോൾ ധ്യാനിച്ചുകൊണ്ടിരിക്കുന്ന കർദ്ദമമഹർഷിയുടെ മുന്നിൽ വിഷ്ണുഭഗവാൻ പ്രത്യക്ഷപ്പെട്ട് അരുളിച്ചെയ്യുന്നു, ‘സായം ഭൂമനു ഇപ്പോൾ തന്റെ മകൾ ദേവഹൂതി എന്ന കന്യകയെയും കൊണ്ട് ഇവിടെ വരും നീ അവളെ വിവാഹം ചെയ്ക്’ അന്ന്. അത് കേട്ട് കർദ്ദമൻ ‘വിവാഹം വേണ്ട’ എന്ന് പറയുമ്പോൾ, “നീ അവളെ വിവാഹം കഴിച്ചാലേ എനിക്ക് നിന്റെ പുത്രനായി ജനിച്ച് മണ്മറഞ്ഞുപോയ സാംഖ്യശാസ്ത്രം പുനർപ്രകാശിക്കാനാകൂ” എന്നു പറയുന്നു.

കുറച്ചുകഴിയുമ്പോൾ, ഭഗവാൻ അരുൾ ചെയ്തപോലെ, സായംഭൂമനു ദേവഹൂതിയേയും കൊണ്ട് കർദ്ദമന്റെ അരികിൽ കന്യാദാനത്തിനായെത്തുന്നു. കർദ്ദമൻ പറയുന്നു, ‘ഞാൻ ഇവളെ വിവാഹം കഴിക്കാം എന്നാൽ എപ്പോൾ എനിക്ക് ഇവളിൽ ഒരു പുത്രനുണ്ടാകുന്നുവോ അതുവരെ മാത്രമേ ഒരുമിച്ച് ജീവിക്കുകയുള്ളൂ’ എന്ന്. ദേവഹൂതി സമ്മതിക്കുന്നു.
അങ്ങിനെ കന്യാദാനം നടക്കുന്നു.

കർദ്ദമന് ദേവഹൂതിയിൽ 9 പെണ്മക്കളുണ്ടാകുന്നു.
പിന്നീട് പത്താമതായി ഉണ്ടാകുന്നതാണ് ഈശ്വരന്റെ അവതാരമായ ‘കപിലൻ’.
അതിനുശേഷം കർദ്ദമൻ തപോനിഷ്ഠനായി, പിന്നെ ദേഹത്യാഗം വരിക്കുന്നു.
അപ്പോൾ വിഷാദയായ ദേവഹൂതി മകനായ കപിലനോട്, മകനെ ഗുരുവായി കണ്ട് നമസ്കരിച്ച്,
‘ഞാൻ ഇനി എന്താണ് ചെയ്യേണ്ടത് എനിക്ക് മനസ്സിനു ശാന്തിയും മോക്ഷവും കിട്ടാൻ?’ എന്നു ചോദിക്കുമ്പോൾ, കപിലവാസുദേവൻ അമ്മയ്ക്ക് ചെയ്യുന്ന ജ്ഞാനോപദേശമാണ് കപിലോപദേശം

കപിലൻ അമ്മയോട് പറയുന്നു,
യോഗഃ അദ്ധ്യാത്മികതഃ

ആരോഗ്യമുള്ള ജീവിതത്തിന് വേണ്ടത്
നമ്മുടെ ശാരീരികം, മാനസികം, ഭൌതികം, ആത്മീയം എന്നീ നാലു കാര്യങ്ങളും ബാലൻസ് ചെയ്യലാണ്.
ശരീരം മാത്രം നന്നായിരുന്നാൽ പോരാ (നല്ല ആഹാരം; എക്സർസൈസൊക്കെ ചെയ്ത് നല്ലതാക്കി വയ്ക്കുക)
മനസ്സ് നല്ല ബലമായിരിക്കണം ( സത് ചിന്തകൾ,..)
അറിവു വളർത്തണം
പിന്നെ ഈശ്വരങ്കലേക്കുള്ള ഭക്തിവളർത്തണം
ഇതു നാലും തുല്യമായി ചെയ്യാൻ കഴിഞ്ഞാൽ സന്തോഷകരമായ ജീവിതമായി.
എന്നാൽ, മനസ്സ് യോഗയുക്തമാക്കുക.

ആഹരം തന്നെ മൂന്നുവിധം ഉണ്ട് സാത്വികം രാജസം താമസം
സാത്വികമായ ഭക്ഷണങ്ങൾ (വെജിറ്റേറിയൻ ആഹാരം) എളുപ്പം ദഹിക്കുന്നു, അത് കഴിക്കുമ്പോൾ മനസ്സിന് തൃപ്തി, രോഗശാന്തി ഒക്കെ ലഭിക്കുന്നു
രാജസമായ ആഹാരങ്ങൾ രോഗം അസസ്ഥത ഒക്കെ ഉണ്ടാക്കുന്നു
താമസമായിട്ടുള്ളത് തീരെ വർജ്ജിക്കുക. അത് നമ്മെ ഉന്മേഷരഹിതാക്കി മാറ്റുന്നു.

മനസ്സിനു വേണ്ടത്:
സ്നേഹമാ‍ണ് മുഖ്യമായി മനസ്സിനു വേണ്ടത്. സ്നേഹം കിട്ടാത്ത മനസ്സ് മുരടിച്ചുപോകും.
അത് ഈശ്വരനോടുള്ള പ്രേമമാകുമ്പോൾ നമുക്ക് ശാശ്വതമായ മനശ്ശാന്തി ലഭിക്കുന്നു.

ബുദ്ധിക്ക് ( ഭൌതീകം)
വിദ്യാഭ്യാസാത്തിലൂടെ കിട്ടുന്ന അറിവ്

ആത്മീയം
ഉത്സാഹവും ധൈര്യവും എങ്ങിനെ നേടിയെടുക്കാം, എന്നൊക്ക്
(നമ്മുടെ ഋഷീശ്വരൊക്കെ മരിക്കുംവരെ പൂർണ്ണ ആരോഗ്യവാന്മാരായിരുന്നു എന്നോർക്കുക)

നമ്മുടെ ശരീരത്തെ ഒരു മാമ്പഴമായി സങ്കല്പിക്കുക
ആദ്യം മൃദുവായ കണ്ണിമാങ്ങ(ശിശുക്കളുടെ ശാരീരം)
പിന്നെ മാങ്ങയണ്ടി കഠിനമാകുന്നു, ഉറച്ച് പുറം ചട്ടകൊണ്ടും മൂടപ്പെടുന്നു(യൌവ്വനം)
പിന്നെ മാങ്ങ പഴുക്കുമ്പോൾ പുറം തോൽ വീണ്ടും മൃദുലമാകും കാഠിന്യം കുറയും.. പക്ഷെ ഉള്ളിലെ മാങ്ങയണ്ടി കുറച്ചുകൂടി കട്ടിയാറ്റിട്ടുണ്ടാകും (വാർദ്ധക്ക്യത്തിലേക്ക്)
അതും കഴിഞ്ഞ് പുറം ഭാഗങ്ങൾ (വാർദ്ധക്ക്യഥാൽ ) അഴുകി തുടങ്ങുന്നു.
ഒടുവിൽ ശേഷിക്കുന്നത് കടുകട്ടിയായ മാങ്ങയണ്ടി മാത്രം (നമ്മുടെ ഉറപ്പുള്ള മനസ്സ്).
മനസ്സ് ശാന്തമാക്കാൻ, ഉറപ്പുള്ളതാക്കാൻ എന്താണ് ചെയ്യേണ്ടത്?,
അമ്പലത്തിൽ പോകാം.
അമ്പലത്തിൽ പോയാൽ ശാന്തി ലഭിക്കുമോ?
എന്നാൽ കപിലൻ പറയുന്നു,
ശാന്തിക്കുവേണ്ടി അമ്പലത്തിൽ പോകരുത് എന്നാണ്. അമ്പലത്തിലും ശാന്തി കണ്ടെത്താൻ പ്രയാസമാണ്. കാരണം മനസ്സ് ശാന്തമാകുമ്പോഴേ ശാന്തികിട്ടൂ . അമ്പലത്തിൽ വലിയ തിരക്കൊന്നും ഇല്ലാതെയിരിക്കുമ്പോൾ നിന്നു തൊഴുമ്പോൾ ശാന്തികിട്ടും. എന്നാൽ വലിയ തിരക്കും ബഹളവും ഒക്കെയാണെങ്കിൽ നമ്മുടെ മനസ്സ് അടക്കി പ്രാർത്ഥിക്കാൻ ബുദ്ധിമുട്ടാണ്.
മനസ്സ് സ്വസ്ഥമാകുമ്പോൾ ശാന്തി കിട്ടുന്നു എന്നത് വ്യക്തമായി.
ശാന്തിയിരിക്കുന്നത് മനസ്സിൽ.
എന്നാൽ മനസ്സിലും അല്ല ശാന്തി
പിന്നെയെവിടെയാണ് ശാന്തി?
ശാന്തി, സമാധാനം, ആനന്ദം, സംതൃപ്തി, സ്വസ്ഥത ഒക്കെ ഇരിക്കുന്നത് ഭഗവാനിലാണ്.
ഭഗവാൻ/ഈശ്വരൻ ഇരിക്കുന്നത്?
നമ്മുടെ ഉള്ളിൽ.
നമുക്ക് ശാന്തിയും സമാധാനവും ഒക്കെ അനുഭവിക്കാൻ ഈശ്വരൻ തന്നിട്ടുള്ള ഉപകരണമാണ് മനസ്സ്
മനസ്സ് അസ്വസ്ഥമാകുമ്പോ‍ൾ ശാന്തി നഷ്ടപ്പെടുന്നു
മനസ്സ് സ്വസ്ഥമാകുമ്പോൾ ശാന്തി കൈവരുന്നു.
മനസ്സ് സ്വസ്ഥമാകാൻ (ശാന്തി അനുഭവിക്കാൻ) എന്തുചെയ്യണം
യോഗ ചെയ്യണം. എന്നാൽ മനസ്സിനെ നിയന്ത്രിക്കാനായുള്ള മെഡിറ്റേഷൻസ് ചെയ്യണം (യോഗ എന്നാൽ ആസനം അല്ല). മനസ്സിനെ ഈശ്വരിങ്കലേയ്ക്ക് തിരിക്കണം.

അമ്മേ എല്ലാ പ്രശ്നങ്ങളും ഇരിക്കുന്നത് മനസ്സിലാണ്
ഒരേ മനസ്സ് വിചാരിച്ചാൽ നമ്മെ സ്വസ്ഥരാക്കാനും പറ്റും
അസ്വസ്ഥരാക്കാനും പറ്റും
നമുക്ക് വേണ്ടത് സ്വസ്ഥതയോ അസ്വസ്ഥയോ എന്ന് തീരുമാനിക്കുക
സ്വസ്ഥതയാണ് വേണ്ടതെങ്കിൽ അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തകളിൽ നിന്നും പ്രവർത്തികളിൽ നിന്നും മാറി നിൽക്കുക. ഭഗവാനെപ്പറ്റി ചിന്തിക്കുക.
ഭഗവാനെപ്പറ്റി ചിന്തിക്കാൻ വേണ്ടത് ഭഗവാനോടുള്ള പ്രേമം കലർന്ന ഭക്തിയാണ്.
സ്വസ്ഥതയാണ് നമുക്ക് വേണ്ടത് എന്ന് തീരുമാനിക്കുതിന് വിവേകബുദ്ധി ഉണ്ടാകണം
ഭക്തി കൂടും തോറും വിവേകബുദ്ധിയും കൂടും.
ഭഗവാൻ തന്നെ അരുളിച്ചെയ്യുന്നു, “ ആരാണോ എന്നെ പ്രേമത്തോടുകൂടി പ്രാർത്ഥിക്കുന്നത്, അവർക്ക് ഞാൻ വിവേകബുദ്ധി കൊറ്റുക്കും” എന്ന്.

എപ്പോൾ, എന്തു, ചെയ്യണമെന്ന നമ്മെക്കൊണ്ട് തോന്നിപ്പിക്കുന്നത് വിവേകബുദ്ധിയാണ്.
അതിന് ദിവസവും പ്രേമത്തോടുകൂടി ഭഗവാനെ പ്രാർത്ഥിക്കണം.

ഭഗവത് സ്നേഹം ഉണ്ടാകാൻ ജ്ഞാനവും വൈരാഗ്യവും ഉണ്ടാകണം.
ജ്ഞാനം എന്നാൽ;
ഭഗവാനുള്ളതുകൊണ്ടാണ് ഞാനിവിടെ ഉള്ളത്,
ഞാൻ ജീവിക്കുന്നത് ഹാർട്ടുള്ളതുകൊണ്ടല്ല,
ഭഗവാനുള്ളതുകൊണ്ടാണ് ഹാർട്ടുള്ളത്
എന്നിങ്ങനെ ഭഗവത് ചൈതന്യം എല്ലാറ്റിലും ദർശിക്കുക.
വൈരാഗ്യം
വൈരാഗ്യം എന്നാൽ ഭക്തി. ദൃഢമായ ഭക്തി.
ഭക്തിയുണ്ടെങ്കിൽ ശക്തി കൈവരും എന്നാണ് പാഞ്ചാലിയുടെയും പ്രഹ്ലാദന്റെയും ഒക്കെ കഥ നമുക്ക് പറഞ്ഞു തരുന്നത്.
ഭഗവാനിൽ ഉറച്ച മനസ്സ് നമ്മെ ഭക്തിയിലേക്കും, പിന്നെ ശാന്തിയിലേക്കും/മുക്തിയിലേക്കും എത്തിക്കുന്നു.

ചുരുക്കത്തിൽ...
ശാന്തി എവിടെ? മനസ്സിൽ .
മനസ്സ് സ്വസ്ഥമാകണമെങ്കിൽ ഭഗവത് ഭക്തിയുണ്ടാകണം
ഭഗവാനോടുള്ള പ്രേമം കലർന്ന ഭക്തിയുണ്ടാകണം
അതിനു ഭക്തിയുണ്ടാകാൻ വിവേകബുദ്ധിവേണംജ്ഞാനവും വൈരാഗ്യവും വേണംയഥാർത്ഥ ഭക്തി
ഒന്നിലും പ്രത്യേകമായ അഭിനിവേശമോ- ആസയോ-പ്രതിഫലേച്ഹയോ കൂടാതെയുള്ള നിഷ്കാമഭക്തിയാണ് യധാർത്ഥ ഭക്തി
ഒൻപതു ഉപാസനകൾ (ഭക്തിയുടെ വിവിധ രൂപങ്ങൾ
1) ഭഗവാന്റെ ചരിതങ്ങൾ കേൾക്കുക
2)തിരുനാമങ്ങൾ കീർത്തിക്കുക
3)ഭഗവാനെ സദാ മനസ്സിൽ സ്മരിക്കുക
4)അദ്ദേഹത്തെ മനസ്സിൽ സങ്കല്പിച്ച് ഒരോ പ്രവർത്തിയും ചെയ്യുക
5)ഭഗവാന്റെ രൂപത്തിലോ വിഗ്രഹത്തിലോ പുഷ്പാർച്ചനകൾ നടത്തുക
6)ഭഗവത് വിഗ്രഹത്തെ ദർശിച്ച് കൈകൂപ്പി വന്ദിക്കുക
7) ഭഗവാനെ തന്റെ തോഴനായോ യജമാനനായോ ഭാവിക്കുക.
8) ഭഗവാന്റെ ദാസനാണെന്നു കരുതി ഭക്തിയോടുകൂടി അശ്രുക്കൾ വാർക്കുക
9) സരവ്വവും ഭഗവാനിൽ ആത്മാർപ്പണം ചെയ്യുക
ഇതിൽ എതെങ്കിലും ഒന്നുണ്ടായാൽ പോലും അവൻ ഭക്തനാണ്.
( അവലംബം: പി. എസ്സ്. നായരുടെ മഹാഭാഗവതം- ഗദ്യം എന്ന ഗ്രന്ഥം)
വിവേകബുദ്ധിയ്ക്ക് ഒരുദാഹരണ കഥ ഉദിത്ചൈതന്യയതി പറയുന്നു...